ആനകളും എലികളും
പണ്ടുപണ്ട്, ഒരു തടാകക്കരയിൽ ഇടിഞ്ഞുപൊളിഞ്ഞ ഒരു പഴയ ഗ്രാമമുണ്ടായിരുന്നു. അവിടെ ഒരുപാട് എലികൾ താമസിച്ചിരുന്നു.
ഒരു ദിവസം ഒരു ആനക്കൂട്ടം വെള്ളം കുടിക്കാൻ പോകുന്ന വഴി ആ ഗ്രാമത്തിലൂടെ നടന്നു. അവരുടെ വലിയ കാലുകൾക്കടിയിൽപ്പെട്ട് എലികളുടെ ഒരുപാട് വീടുകൾ തകർന്നു.
എലികളുടെ രാജാവ് ധൈര്യത്തോടെ ആനകളുടെ രാജാവിന്റെ അടുത്തു ചെന്നു. “ദയവായി വേറെ വഴിയിലൂടെ പോകാമോ? ഒരു ദിവസം ഞങ്ങളും നിങ്ങളെ സഹായിക്കാം,” അവൻ പറഞ്ഞു. കുഞ്ഞെലികൾ ആനകളെ സഹായിക്കുകയോ? ആനരാജാവിന് ചിരി വന്നു. എങ്കിലും അവൻ സ്നേഹത്തോടെ സമ്മതിച്ചു.
കുറച്ചു കാലം കഴിഞ്ഞ്, വേട്ടക്കാർ കാട്ടിലെത്തി. ബലമുള്ള കയർവലകളിൽ അവർ ആനകളെ കുടുക്കി. ആനകൾ വലിച്ചു, തള്ളി. പക്ഷേ രക്ഷപ്പെടാനായില്ല.
അപ്പോൾ ആനരാജാവിന് എലികളെ ഓർമ്മ വന്നു. വലയിൽ പെടാതെ രക്ഷപ്പെട്ട ഒരു ആനയെ അവൻ സഹായം ചോദിക്കാൻ അയച്ചു.
നൂറുകണക്കിന് എലികൾ ഓടിയെത്തി. രാത്രി മുഴുവൻ അവർ കയറുകൾ കരണ്ടുകൊണ്ടിരുന്നു. ഒടുവിൽ എല്ലാ വലകളും കഷണം കഷണമായി.
ആനകൾ സ്വതന്ത്രരായി! “നന്ദി, കുഞ്ഞുകൂട്ടുകാരേ,” ആനരാജാവ് പറഞ്ഞു. “നിങ്ങൾ ചെറുതാണ്, പക്ഷേ നിങ്ങളുടെ മനസ്സ് വളരെ വലുതാണ്.”