കുരങ്ങനും മുതലയും
വലിയൊരു പുഴയുടെ കരയിൽ ഒരു ഞാവൽ മരം ഉണ്ടായിരുന്നു. അതിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. മരം നിറയെ നല്ല മധുരമുള്ള കരിനീല ഞാവൽപ്പഴങ്ങൾ!
ഒരു ദിവസം ഒരു മുതല നീന്തി ആ മരത്തിനടുത്തെത്തി. കുരങ്ങൻ കുറച്ച് ഞാവൽപ്പഴങ്ങൾ പറിച്ച് മുതലയ്ക്ക് ഇട്ടുകൊടുത്തു. “ഹായ്, എന്തു രുചി!” മുതല പറഞ്ഞു. വേഗം തന്നെ അവർ നല്ല കൂട്ടുകാരായി.
എല്ലാ ദിവസവും മുതല കുരങ്ങനെ കാണാൻ വന്നു. എല്ലാ ദിവസവും ഭാര്യയ്ക്കായി കുറച്ച് പഴങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയി.
പക്ഷേ മുതലയുടെ ഭാര്യ അത്യാഗ്രഹിയായിരുന്നു. “പഴത്തിന് ഇത്ര മധുരമുണ്ടെങ്കിൽ, അത് തിന്നുന്ന കുരങ്ങന്റെ ഹൃദയത്തിന് എത്ര മധുരമുണ്ടാകും! എനിക്ക് അവന്റെ ഹൃദയം കൊണ്ടുവന്നു തരണം!” അവൾ പറഞ്ഞു.
കൂട്ടുകാരനെ ഉപദ്രവിക്കാൻ മുതലയ്ക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. എങ്കിലും അവൻ സമ്മതിച്ചു. “ചങ്ങാതീ, ഇന്ന് എന്റെ വീട്ടിൽ അത്താഴത്തിന് വരൂ,” അവൻ കുരങ്ങനോട് പറഞ്ഞു. “എന്റെ പുറത്തു കയറി ഇരുന്നോളൂ. ഞാൻ നിന്നെ പുഴ കടത്തിക്കൊണ്ടുപോകാം.”
പുഴയുടെ നടുവിലെത്തിയപ്പോൾ മുതല പറഞ്ഞു: “എന്നോട് ക്ഷമിക്കണം, ചങ്ങാതീ. എന്റെ ഭാര്യയ്ക്ക് നിന്റെ ഹൃദയം തിന്നണമത്രേ.”
കുരങ്ങൻ പെട്ടെന്ന് ആലോചിച്ചു. “അയ്യോ! എന്റെ ഹൃദയം ഞാൻ ഞാവൽ മരത്തിൽ വെച്ചിട്ടാണല്ലോ വന്നത്! എന്നെ തിരിച്ചു കൊണ്ടുപോകൂ. ഞാൻ അത് എടുത്തിട്ടു വരാം.”
മണ്ടനായ മുതല തിരിച്ചു നീന്തി. കുരങ്ങൻ ഒറ്റച്ചാട്ടത്തിന് മരത്തിൽ കയറി. ഹാവൂ, ഇനി പേടിക്കാനില്ല! “ഹൃദയം ആരെങ്കിലും മരത്തിൽ വെക്കുമോ?” കുരങ്ങൻ ചിരിച്ചു. “യഥാർത്ഥ കൂട്ടുകാരൻ ഒരിക്കലും കൂട്ടുകാരനെ ചതിക്കില്ല. ഇനി പൊയ്ക്കോളൂ!”